തലപ്പുഴ (വയനാട്): ചുരമില്ലാത്ത വയനാടൻ പാതയ്ക്ക് പാര പണിതത് വനം വകുപ്പ് മാത്രമല്ലെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും വ്യക്തമാകുന്ന രേഖ പുറത്ത്. കേരളം കണ്ട ഏറ്റവും മികച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന് പേരുകേട്ട ജി.സുധാകരൻ നിർദ്ദേശിച്ചിട്ടു പോലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചുരമില്ലാ പാതയെ അവഗണിച്ചെന്നുമാണ് വ്യക്തമാകുന്നത്. 2017 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ റോഡിനെ കുറിച്ച് പഠനം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ പുറം തിരിഞ്ഞു നിന്നതിനാൽ ആണ് വയനാടിനും കണ്ണൂരിനും അപകട പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നത്. വയനാടിനേയും കണ്ണൂരിനേയും ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാത നടപ്പിലാകാതിരുന്നതിന് പിന്നിൽ ചുരം റോഡുകളുടെ പേരിൽ ലഭിക്കുന്ന ഫണ്ടിൻ്റെ വിനിയോഗത്തിനുള്ള സ്വാതന്ത്ര്യമാണ് പ്രധാന കാരണമായത്. വയനാട്ടിലേക്കുള്ളതെല്ലാം ചുരം പാതകളും അത്തരം റോഡുകൾ എല്ലാം പൊതുമരാമത്ത് വകുപ്പിലെ പ്രത്യേകമായുള്ള ചുരം ഡിവിഷനു കീഴിലുമായിരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ചുരം ഡിവിഷനു കീഴിലെ റോഡുകളെങ്കിൽ പണികൾ നടത്താൻ പ്രത്യേക പ്ലാനോ എസ്റ്റിമേറ്റോ തിരക്കിട്ട് തയാറാക്കേണ്ട ആവശ്യമില്ല. റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ അടിയന്തിരമായി ചെയ്യേണ്ട .പ്രവൃത്തികൾ വേഗത്തിൽ ചെയ്യാൻ ആവശ്യമായ തുക അനുവദിക്കുകയാണ് രീതി. അതിനാൽ തന്നെ വയനാട്ടിലേക്ക് ഉള്ളതെങ്കിൽ അത് ചുരം പാത ആയിരിക്കണമെന്ന ഒരു ശൈലി തന്നെ നിലനിന്നിരുന്നു. ഇന്നും ചിലർ ആ രീതിയിൽ ചിന്തിക്കുന്നവരും ഉണ്ട്. അതിലൊക്കെ എന്തോ ഒരു പ്രത്യേക സുഖമാണ് ചിലർക്ക്. എന്നാൽ അക്കാലങ്ങളിൽ പേരിന് വേണ്ടി എങ്കിലും ഒരു ചുരമില്ലാ പാതയെങ്കിലും ഉണ്ടാക്കണമെന്ന് ഉദ്യോഗസ്ഥ പടയ്ക്ക് തോന്നാതിരുന്നതുകൊണ്ടാണ് ഇപ്പോൾ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് വയനാട് ഒറ്റപ്പെടുമ്പോൾ ഗതാഗത സൗകര്യം ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നതിന് കാരണം. എന്നിട്ടും ഇപ്പോൾ പോലും ചുരം രഹിത പാതയ്ക്ക് തടസ്സം നിൽക്കുകയാണ് ഉദ്യോഗസ്‌ഥർ. കണ്ണൂർ വയനാട് ജില്ലകൾ തമ്മിൽ ബന്ധപ്പെടാൻ ചുരമില്ലാ പാത തുറന്നു കൊടുക്കണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് വിഷയത്തെ കുറിച്ച് പരിശോധനയ്ക്കും നടപടികൾക്കും റിപ്പോർട്ടിനും എന്ന് കുറിച്ച് 2017 ഡിസംബറിൽ ആണ് മന്ത്രി ജി.സുധാകരൻ കണ്ണൂരിലെ എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നത്. ഫയൽ നമ്പറിട്ട് മന്ത്രിയുടെ ഓഫിസിൽ നിന്ന് നൽകിയ നിർദേശത്തിനു മുകളിൽ യാതൊരു വിധ പ്രത്യക്ഷ നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. അന്നത്തെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരനാണ് ചുരമില്ലാ പാതയിൽ യാത്ര അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനേയും നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചത്. സണ്ണി ജോസഫ് എംഎൽഎ. ഇപ്പോൾ മന്ത്രിയായ ഒ.ആർ കേളു, ഇപ്പോഴത്തെ നിയമ സഭാ സ്‌പീക്കർ എ.എൻ.ഷംസീർ, അന്നത്തെ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, ഇപ്പോൾ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റായ റോയ് നമ്പൂടാകം, കേളകം, കണിച്ചാർ, പേരാവൂർ, തവിഞ്ഞാൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പേരാവൂർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ. സംഘടന പ്രതിനിധികൾ എന്നിവരടക്കം വൻ സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനേയും നേരിൽ കണ്ട് അപേക്ഷ നൽകിയത്. എന്നാൽ ഇeപ്പാൾ ഏഴ് വർഷം കഴിഞ്ഞു. ഇതു വരെ ഒരു പരിശോധനയും പഠനവും നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചതായും വ്യക്തതയുമില്ല. അപേക്ഷകരേയോ ജനപ്രതിനിധികളേയോ ഒന്ന് ബന്ധപ്പെടുക പോലും ചെയ്‌തിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ഈ ചുരമില്ലാ പാതയോടെ പുറം തിരിഞ്ഞു നിന്നതുകൊണ്ട് മാത്രമാണ് പാത തുറന്നു കിട്ടാത്തത്. റോഡ് നിർമ്മിച്ച് വാഹനം ഓടിയിട്ടും അടഞ്ഞു പോയി മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ജനത്തെ ഓർത്തെങ്കിലും റോഡ് ' തുറന്നുകൊടുക്കാൻ വനം വകുപ്പ് തയാറാകുന്നില്ല എന്ന് മാത്രമല്ല നിസാര കാരണങ്ങൾ പറഞ്ഞ് സഞ്ചാര സ്വാതന്ത്ര്യത്തെ തടയുകയും കൂടിയാണ് ചെയ്യുന്നതെന്ന് എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൻ്റെ ഒരു അതിരിലൂടെ കടന്നു പോകുന്നതിനാൽ പരിസ്‌ഥിതി പ്രശ്‌നം ഉണ്ടാകും എന്നാണ് വനം വകുപ്പിന്റെ നിലപാട്. എന്നാൽ കൊട്ടിയൂരിനെ വന്യജീവി സങ്കേതം ആക്കിയത് 2011 ൽ മാത്രമാണ് എന്ന് വനം വകുപ്പ് മറച്ചു വയ്ക്കുയാണ്. വന്യജീവി സങ്കേതം ആകുന്നതിന് മുൻപ് പ്രദേശം റിസർവ് വനമായിരുന്നു.'അതിനും മുൻപ് ഇവിടെ വെസ്‌റ്റഡ് വനമായിരുന്നു. വെസ്‌റ്റഡ് വനം ആക്കുന്നതിന് മുൻപും റോഡ് ഉണ്ടായിരുന്നു. അന്ന് അത് വയനാട്ടിലെ ജന്മി മാധവൻ മേസ്ത്രിയുടെ കൈവശ സ്ഥലമായിരുന്നു. മിച്ചഭൂമിയായി കണ്ടെത്തി പിടിച്ചെടുത്താണ് ആ സ്ഥലം വനമാക്കിയത്.. വെസ്റ്റഡ് വനം ആയിരിക്കുമ്പോൾ ആണ് വാഹന ഗതാഗതം നടത്തിയിരുന്ന റോഡ് വനം വകുപ്പ് അടച്ചു പൂട്ടിയത് രേഖാമൂലം റോഡു കടന്നു പോകുന്ന ഭൂമി കൊട്ടിയൂർ പഞ്ചായത്തിന് ലീസിനു നൽകിയിട്ടുള്ളതുമായിരുന്നു. ലീസ് വാങ്ങാതെ വനം വകുപ്പ് ജനഹിതത്തെ തട്ടിക്കളിച്ച ശേഷം പിന്നീട് ലീസ് മുടക്കി എന്നും ആരോപിച്ച് റോഡ് അടച്ചു പൂട്ടിയത്. എന്നാൽ റോഡ് തുറന്നുകൊടുത്താൽ വന്യജീവി ശല്യം ജനവാസ കേന്ദ്രങ്ങളിൽ കുറയാനും ടൂറിസത്തിനും സാധ്യത ഉണ്ടെന്നാണ് പുതിയ നിരീക്ഷണം. കൂടാതെ മാവോയിസ്‌റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ റോഡ് അടക്കമുള്ള ജനോപകാര പദ്ധതികൾക്ക് വനം പരിസ്ഥിതി നിയമങ്ങൾ ബാധകമല്ല എന്ന് ഡോ. മൻമോഹൻ സിംഗിൻ്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് സായുധ മാവോയിസ്‌റ്റ് സംഘങ്ങൾ ഉള്ള വയനാട്ടിലെ തവിഞ്ഞാൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, മേഖലകൾ ഉൾപ്പെടുന്ന റോഡ് കടന്നു പോകുന്നത് എന്നിരുന്നിട്ടും പൊതുമരാമത്ത് വകുപ്പും വനം വകുപ്പും ഈ റോഡിനെ തടയുകയാണ് കുറഞ്ഞ ചെലവിൽ ചുരമില്ലാ റോഡ് നിർമിക്കാൻ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അതൊന്നും കാണരുതെന്ന പ്രത്യേക വാശി വനം വകുപ്പും പൊതുമരാമത്ത് വകുപ്പും എടുക്കുന്നതിന് പിന്നിലെ ചേതോവികാരം വെറും പരിസ്ഥിതി സംരക്ഷണവും ജനകീയ താൽപര്യവും മാത്രമാണെന്ന് കരുതുക വയ്യ. ഒടുവിൽ 4 വർഷം മുൻപ് പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിലേക്ക് ശുപാർശ ചെയ്ത് ജില്ലാ പഞ്ചായത്ത് എൻജിനീയർമാരുടെ സംഘം സ്ഥലപരിശോധനയും സർവ്വേയും നടത്തിയിരുന്നു. അന്ന് അനുമതിയില്ലാതെ വനത്തിൽ കയറിയെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് എൻജിനീയർമരേയും ജനപ്രതിനിധികളേയും കേസിൽ കുടുക്കാനായിരുന്നു വനംവകുപ്പിന് തിടുക്കം. എന്നാൽ റിപ്പോർട്ട് തയാറാക്കും മുൻപ് എൻജിനീയർ പെട്ടെന്ന് മരിച്ചതിനാൽ തുടർ നടപടികൾ ഉണ്ടായില്ല. വയനാട്ടിലേക്ക് ചുരമില്ലാത്ത പാത വരുന്നതിന് യൂസർ ഏജൻസിയായി അപേക്ഷ സമർപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പു തന്നെ റോഡിന് തടസ്സം നിൽക്കുമ്പോൾ മാവോയിസ്റ്റ് സായുധസംഘങ്ങൾ ഇപ്പോൾ വനത്തിലൂടെയുള്ള അതേ ചുരമില്ലാ പാതയിലൂടെ വയനാടൻ പ്രദേശങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് നടന്ന് എത്തി പോസ്റ്റർ ഒട്ടിക്കുന്നു, തോക്കേന്തി പ്രകടനം നടത്തുന്നു. വനം വകുപ്പ് അനുമതി നൽകിയാട്ടാണ് മാവോയിസ്റ്റ് സംഘങ്ങൾ ചുരമില്ലാ പാതയിലൂടെ വന്നു പോകുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാൻ ഒത്തിരി വിഷമിക്കില്ലേ?
How to build a spade for the Wayanad road without a pass?...